തന്തവൈബ്: പുതുതലമുറ പറയാതെ പറയുന്നത്

ഒരു കല്യാണത്തെ കുറിച്ചുള്ള ചര്‍ച്ചാരംഗം. തലേന്ന് രാത്രി എന്തെല്ലാമാണ് വേണ്ടതെന്നതിലാണ് ചര്‍ച്ച എത്തിനില്ക്കുന്നത്. ഗാനമേള, ഡാന്‍സ്, ചാട്ടം, ആട്ടം അങ്ങനെ ചര്‍ച്ച പോകുന്നതിനിടെയാണ്, അല്‍പം ധര്‍മ്മബോധമുള്ള ഒരാള്‍ പറഞ്ഞത്, നമുക്ക് മദ്ഹ് പാട്ടുകളാക്കിയാലോ. ഉടനെ മറുപുറത്ത്നിന്ന് കമന്റ് വന്നു, തന്ത വൈബ്.

കുറച്ച് മുമ്പ് വരെ സദാചാരപോലീസ് എന്ന് പ്രയോഗിച്ചതിന്റെ ഏറ്റവും പുതിയ പര്യായമാണ് തന്ത വൈബ്. പുതിയ കാലത്ത് പൊതു ട്രൻ്റുകളും അത് വഴി പൊതു വിചാര മണ്ഡലവും നിയന്ത്രിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളാണെന്ന് തന്നെ പറയാം. ഇന്ന് എല്ലാവരും നോക്കിക്കൊണ്ടിരിക്കുന്ന വൈബുകളും അതിന്റെ കൗണ്ടറെന്നോണം വന്ന തന്ത വൈബ് എന്ന ചാപ്പ വാചകവും അതിന്റെ സൃഷ്ടികള്‍ തന്നെ. ചെറുപ്പക്കാര്‍ക്കിടയില്‍ ഇത് ഏറെ സ്വാധീനിച്ചു എന്ന് മാത്രമല്ല, തങ്ങള്‍ക്ക് പറ്റാത്തതിനോടെല്ലാം നൈസായി വേണ്ടെന്ന് പറയാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമായി കൂടി ഇത് മാറിയിരിക്കുന്നു. അങ്ങനെ ചിന്തിക്കുമ്പോഴാണ്, ഈ പ്രയോഗം പോലും നവലിബറലുകളുടെയും അവര്‍ മുന്നോട്ട് വെക്കുന്ന അപരിമേയമായ സ്വാതന്ത്ര്യവാദങ്ങളുടെയും പ്രചാരണ ആയുധം കൂടിയാണോ എന്ന് സംശയിച്ചുപോകുന്നത്. 

നിഷേധാത്മകത (rejectionism) എന്നും പ്രായോഗിക രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങളിൽ പ്രത്യേകിച്ചും യുവാക്കളിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. വിവേകത്തിന്റെയും പരിചയ സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ മുതിർന്നവര്‍ മുന്നോട്ട് വെക്കുന്ന വീക്ഷണങ്ങളെ അര്‍ഹമായ പ്രാധാന്യത്തോടെ ഗണിക്കുന്നതിന് പകരം, പുരോഗമന ആശയങ്ങളെയും പുതിയ ട്രെന്റുകളെയും ഉൾകൊള്ളാൻ സാധിക്കാത്ത അപരിഷ്‌കൃത വീക്ഷണങ്ങൾ എന്ന ലേബലൊട്ടിച്ച് അവയെ അവഗണിക്കുക മാത്രമല്ല, ഒതുക്കുകയും നിരാകരിക്കുകയും വരെ ചെയ്യുന്ന ഇത്തരം പ്രയോഗങ്ങള്‍, rejectional മനോഭാവം തന്നെയാണ് തുറന്ന് കാണിക്കുന്നത്.

1960 കളിൽ ഉയർന്നുവന്ന anti-establishment പ്രസ്ഥാനങ്ങളുടെ വളർച്ചയും ഈ പ്രതലത്തിലായിരുന്നു. അതേസമയം നടപ്പുരീതികളോടുള്ള നിഷേധാത്മകതയാണ് നവലിബറൽ മൂല്യങ്ങളുടെയും അടിസ്ഥാനം. “തന്ത വൈബ്” പ്രയോഗവും പ്രായോഗിക തലത്തിൽ ഈ നിഷേധാത്മകത അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെട്ടതെന്ന് പറയാതെ വയ്യ. ഫാഷൻ ഇൻഡസ്ട്രി ഉൾപ്പടെയുള്ള ലോക സാമ്പത്തിക മേഖലകൾ, അവരുടെ ഉഭപോക്തൃവലയം വിസ്തൃതപ്പെടുത്താൻ നിഷേധാത്മക ചിന്തകളെയാണ് കൂട്ടുപിടിക്കുന്നത്. യുവാക്കൾക്കിടയിൽ അന്ധമായ സൗന്ദര്യബോധം പ്രചരിപ്പിച്ചാണ് വൈറ്റനിംഗ് ക്രീമുകൾ മാര്‍കറ്റ് പിടിക്കുന്നത്. 
ലിബറൽ മൂല്യങ്ങളുടെ പ്രചാരകർ വ്യക്തി കേന്ദ്രീകൃതമായ അവരുടെ വാദങ്ങളെ “സ്വാതന്ത്ര്യം”, “മോചനം” തുടങ്ങിയ വൈകാരികതയില്‍ (sensualism) അധിഷ്ഠിതമായ പ്രയോഗത്തിലൂടെയാണ് സമർത്ഥിക്കാറ്. അത്തരം സ്വാതന്ത്ര്യത്തിലേക്കുള്ള ഇതരകയ്യേറ്റങ്ങളോട് അരുതെന്ന് പറയുന്നതിന്റെ, അഥവാ സ്വന്തം താല്പര്യത്തിനു മേൽ ഇതരരുടെ കയ്യേറ്റത്തെ  ചെറുത്തുനിൽക്കുന്നതിന്റെ രൂപമാണ് “തന്ത വൈബ്” എന്ന പ്രയോഗവും. 

1920 കളിൽ കേവലം അവശ്യവസ്തുക്കൾ മാത്രം ഉപയോഗിച്ചിരുന്ന ഒരു സമൂഹത്തിൽനിന്ന് അമേരിക്കയെ പൂർണ്ണമായും ഒരു കൺസ്യൂമറിസ്റ്റ് രാജ്യമായി മാറ്റുന്നതിൽ ഇത്തരം ചിന്തകളും പ്രയോഗങ്ങളും ഏറെ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ന് പ്രതിവർഷം ഒരു അമേരിക്കൻ പൗരൻ 60 ജോഡി വസ്ത്രങ്ങളെങ്കിലും വാങ്ങുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എഡ്‌വാർഡ് ബെർണയ്സ് എന്ന മാധ്യമപ്രവർത്തകന്റെ ഗൂഢശ്രമങ്ങൾ ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. സിഗരറ്റ് കമ്പനി ഉടമയായിരുന്ന ജോൺ ഹിൽസ് ബർണയ്സിനെ കാണുകയും അമേരിക്കയിലെ സ്ത്രീകൾ പുകവലിക്കാത്തതിനെക്കുറിച്ച് പരിഭവപ്പെടുകയും ചെയ്തു. തുടർന്ന് ബർണെയ്സ് അടുത്ത ദിവസം തന്നെ ചില അമേരിക്കൻ ഫെമിനിസ്റ്റ് നേതാക്കളെ കാണുകയും ന്യൂയോർക്ക് സ്ക്വയറിൽ വെച്ച് നടക്കാനിരിക്കുന്ന ഫെമിനിസ്റ്റ് റാലിയിൽ താന്‍ നല്കുന്ന പ്ലക്കാടുമായി സിഗരറ്റ് വലിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ബർണൈസ് നൽകിയ പ്ലക്കാടുകളിൽ എഴുതിയിരുന്നത് സ്വാതന്ത്ര്യത്തിന്റെ ദീപങ്ങൾ എന്നായിരുന്നു. ന്യൂയോര്‍ക് സ്ക്വയറില്‍ സ്വാതന്ത്ര്യത്തിന്റെ ദീപങ്ങൾ തെളിയുന്നു എന്ന്  തലേദിവസം പത്രങ്ങളിൽ വലിയ വാർത്തകളായി നൽകുകയും ചെയ്തിരുന്നു.

ന്യൂയോർക്ക് സ്ക്വയറിൽ തെളിയാനിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ദീപങ്ങൾ എന്താവും എന്ന് കാത്തിരുന്ന അമേരിക്കൻ സമൂഹം കണ്ടത് പ്രസ്തുത പ്ലക്കാടുമായി സിഗരറ്റ് വലിക്കുന്ന ഫെമിനിസ്റ്റ് നേതാക്കളെയാണ്. ഇതോടെ അമേരിക്കൻ സ്ത്രീകളിൽ വലിയതോതിൽ സിഗരറ്റ് ഉപയോഗം വ്യാപിക്കുകയുണ്ടായി. പൊതു ആചാരത്തിന് എതിരെ നിൽക്കുന്നതിലൂടെ സ്വാതന്ത്ര്യം കൈവരുമെന്ന നിഷേധാത്മക ചിന്തയിലൂടെ Capitalism ത്തിന് അടിമപ്പെടുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അവരെന്ന് തിരിച്ചറിയാനാവാതെ പോയി അവര്‍ക്ക്. 

തന്ത വൈബ് പ്രയോഗത്തിലും സാമൂഹിക മണ്ഡലത്തിലെ പൊതുവിചാരങ്ങൾക്കെതിരെ നിൽക്കാനും മതങ്ങൾ മുന്നോട്ടുവെക്കുന്ന പരിധികൾക്കപ്പുറത്തുള്ള ഇടപാടുകൾക്ക് വിധേയപ്പെടാനുമുള്ള പ്രേരണകളാണ് ഒളിഞ്ഞിരിക്കുന്നത്. മത നിയമങ്ങളും സാമൂഹികഘടനകളും പ്രാകൃതമാണെന്നും വ്യക്തി താല്പര്യമാണ് പരാമമാക്കപ്പെടേണ്ടതെന്നും വരുത്തിത്തീർക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. തന്ത വൈബ് എന്നത് അപരിഷ്‌കൃതരുടെ പ്രതീകമായി മാറ്റപ്പെടുന്നതും ഇതിന് വേണ്ടി തന്നെ.

അക്രമിക്കാൻ വരുന്ന നായയിൽ നിന്ന് രക്ഷപ്പെടാൻ സുഗമമായ ചെരിപ്പുകൾ ധരിക്കണമെന്ന് ഉള്ളടക്കം വരുന്ന പരസ്യ ചിത്രങ്ങളിലൂടെ survival of fittest എന്ന ആശയം എപ്രകാരം കൈമാറ്റപ്പെടുന്നു എന്നതിനെക്കുറിച്ച് ഗവേഷക Hiba izzat നിരീക്ഷിക്കുന്നുണ്ട്. Neophilia (പുതിയതിനെ മഹത്വവത്കരിക്കുക) എന്ന വിചാര ബോധം വിദ്യാർത്ഥികളുടെ ചിന്താധാരകളിലേക്ക് അവരറിയാതെ പ്രക്ഷാളനം ചെയ്യപ്പെടുകയാണ്. ഈയടുത്ത് യുവാക്കൾക്കിടയിൽ വലിയ തോതിൽ വൈറലായ മാതാപിതാക്കളേ മാപ്പ് എന്ന സിനിമാഗാനവും നവ ജനറേഷന്റെ ചിന്ത രീതികളെ തുറന്നുകാട്ടുന്നതാണ്. അതിലെ ആദ്യവരികള്‍ ഇങ്ങനെയാണ്,
മാതാപിതാക്കളേ മാപ്പ് 
ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്ക്

തുടര്‍ന്ന് പറയുന്നത്, ഇത് എന്റെ പാതയും എന്റെ അധികാരവുമാണെന്നും വഴിതെറ്റാനും എനിക്ക് അവകാശമുണ്ടെന്നും സുഖസന്തോഷമാണ് പ്രധാനമെന്നും ഇനി വേറെ വിചാരമൊന്നുമില്ലെന്നുമാണ്.


സാമൂഹ്യ മാധ്യമങ്ങളും പൊതുവൈബുകളും

ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് യുവസമൂഹത്തിന്റെ പൊതുവിചാരങ്ങൾ ഇന്ന് നിയന്ത്രിക്കപ്പെടുന്നത്.  Ten Arguments for Deleting Your Social Media Accounts Right Now എന്ന പുസ്തകത്തിലൂടെ ജാരോൺ ലാനിയർ സമൂഹമാധ്യമങ്ങൾ പൊതു ചിന്തകളെ സ്വാധീനിക്കുന്നതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. നവ ലിബറൽ മൂല്യങ്ങളെ ഏതുവിധേനയും അടിച്ചേൽപ്പിക്കാൻ ഒരുകൂട്ടം നിരന്തരമായി ശ്രമിക്കുന്ന നവ സാമൂഹിക വ്യവസ്ഥിതിയിൽ ഇതിനു പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ പരിശോധന വിധേയമാക്കേണ്ടതുണ്ട്. കുരിശുയുദ്ധാനന്തരം മുസ്‍ലിം സമൂഹത്തെ ആത്മികമായി തളർത്തുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായി പരമാവധി ആനന്ദത്തിലേക്ക് സമൂഹത്തെ വഴിതിരിച്ചുവിടുന്നതിലൂടെ സാധ്യമാക്കാൻ ഒരു കൂട്ടം ശ്രമിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന ആശയധാരകളുടെ കുത്തിവെപ്പുകളാണോ എന്ന് സംശയിക്കുന്നതും അത്തരം പശ്ചാത്തലത്തിലാണ്. 

Individualismത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ hedonist ആശയത്തെ അഥവാ വ്യക്തിയുടെ സന്തോഷത്തിനാണ് മുന്‍ഗണന എന്ന തത്വത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. “സ്വേച്ഛയെ ദൈവമാക്കി വെച്ചവനെ താങ്കൾ കണ്ടിട്ടുണ്ടോ? അല്ലാഹു അറിഞ്ഞുകൊണ്ടുതന്നെ അവനെ ദുർമാർഗിയാക്കുകയും കാതിനും ഹൃദയത്തിനും മുദ്രചാർത്തുകയും ദൃഷ്ടിക്കുമേൽ ആവരണമിടുകയും ചെയ്തിട്ടുണ്ട്.” (45:23) എന്ന ഖുര്‍ആന്‍ വാക്യം ഇത്തരം ആശയങ്ങള്‍ വിശ്വാസിക്ക് ആശാസ്യമല്ലെന്നാണ് പറയുന്നത്.

ഈ ഖുർആനിക വചനത്തിൽ സൂചിപ്പിക്കപ്പെട്ട പോലെ, ആഗ്രഹങ്ങളെ മാത്രം പിന്തുടരുന്ന, ധാർമിക ശോഷണം ചെയ്യപ്പെട്ട അധമ സമൂഹമായി യുവാക്കളെ മാറ്റുന്നതില്‍ ഇത്തരം പ്രയോഗങ്ങള്‍ക്ക് പങ്കുണ്ട്. അത്തരം പ്രയോഗങ്ങള്‍ കേള്‍ക്കുമ്പോഴേക്ക്, താനൊരു പഴഞ്ചനാണെന്ന് സ്വയം തോന്നി ഉപദേശങ്ങള്‍ നിര്‍ത്തുന്നതും അപകടകരം തന്നെ. വലിയൊരു ആദരിക്കുകയും ചെറിയവരോട് കരുണ കാണിക്കുകയും ചെയ്യാത്തവര്‍ നമ്മില്‍ പെട്ടവനല്ലെന്ന പ്രവാചക വചനം ഇരു തലമുറകളുടെ ഏറ്റവും ഫലപ്രദവും സുന്ദരവുമായ കൊടുക്കല്‍വാങ്ങലുകളെയും പരസ്പപരസ്നേഹബഹുമാനങ്ങളെയും എത്ര ലളിതവും യുക്തിഭദ്രവുമായാണ് സമീപിക്കുന്നത്. മനുഷ്യസമൂഹത്തിന്റെ, വിശിഷ്യാ വിശ്വാസി സമൂഹത്തിന്റെ വൈബുകളെല്ലാം ആ അധ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നെങ്കിലെന്ന് നമുക്ക് ആശിക്കാം.

കാസര്‍ഗോഡ്, ചട്ടഞ്ചാൽ എം.ഐ.സി ദാറുൽ ഇർഷാദ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Leave A Comment

3 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter